തിരുവനന്തപുരം: കാല് മസിലിനേറ്റ പരിക്കിന്റെ വേദനക്കിടയിലും പോരാട്ടത്തിനിറങ്ങി സുവര്‍ണക്കുതിപ്പ് നടത്തി അല്‍ അമീന്. ജൂണിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ 6.40 മീറ്റര്‍ ദൂരം താണ്ടിയാണ് മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ അല്‍ അമീന് സ്വര്‍ണനേട്ടം സ്വന്തമാക്കിയത്.
മൂന്നു ദിവസം മുമ്പാണ് ഇടതു കാല് തുടക്ക് പരിക്കേറ്റത്. വേദന സംഹാരി കഴിച്ചിട്ടും ബാം പുരട്ടിയിട്ടും മത്സരത്തിനിറങ്ങുമ്പോഴും വേദനയ്ക്ക് കുറവുണ്ടായില്ല. എന്തു വന്നാലും പോരാടാതെ കീഴടങ്ങില്ലെന്നായിരുന്നു അല്‍ അമീന്റെ തീരുമാനം. ആ തീരുമാനം അല്‍ അമീനു സ്വര്‍ണവും സമ്മാനിച്ചു.
ഒരുവര്‍ഷം മുമ്പാണ് അല്‍ അമീന് ലോംഗ് ജംപില്‍ ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങിയത്. ഇത് ആദ്യ സംസ്ഥാന മേളയായിരുന്നു. പാലക്കാട് വളപ്പില്‍ പറവണ്ണ ശാന്തിനഗറില്‍ ഓട്ടോ തൊഴിലാളിയായ അഷ്റഫിന്റെയും ജാസ്മിന്റെയും മകനാണ്.തിരുവനന്തപുരം ജി വി രാജയിലെ കെ.പി.വി. അശ്വന്ത് (6.33) വെള്ളിയും തൃശൂര്‍ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസിലെ എ.യു. മുബഷീര്‍ (6.31) വെങ്കലവും നേടി.